തിരുവനന്തപുരം: പാര്‍ട്ടിയുമായി നിസഹകരണം തുടരുന്ന ഇ.പി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഇ.പി ബഹിഷ്കരിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ഇ.പി ജയരാജനോട് നിര്‍ദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 22-ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കും.
പാര്‍ട്ടി പരിപാടികളിലെയും നേതൃയോഗങ്ങളിലെയും ഇ.പിയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിനിടെ, ജയരാജന് പ്രവര്‍ത്തനത്തില്‍ സജീവമാകേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുറന്നുപറഞ്ഞു. കോഴിക്കോട്ടെ ഏക സിവില്‍കോഡ് സെമിനാറിന് ജയരാജന് ഇല്ലെന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ട്ടി പരിപാടി എല്ലാവര്ക്കും ബാധകമാണെന്ന് ഗോവിന്ദന് സ്വരം കടുപ്പിക്കുകയും ചെയ്തിരുന്നു.ആയുര്‍വേദ റിസോര്‍ട്ട് വിവാദം വന്നതിന് പിന്നാലെയാണ് ജയരാജന് പാര്‍ട്ടി യോഗങ്ങളില്‍നിന്ന് വിട്ടുനിന്നത്. പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് അദ്ദേഹം പരിപാടികളില്‍ ഇടക്കാലത്ത് സജീവമായെങ്കിലും ദേശീയ സെമിനാറിലെ അസാന്നിധ്യം വീണ്ടും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.