തിരുവനന്തപുരം: എന്റെ കേരളം മെഗാ മേളയ്ക്ക് ഇന്ന് (2022 മെയ് 27ന്) TVM കനകക്കുന്നിൽ തുടക്കമാകുമ്പോൾ അനന്തപുരിയെ കാത്തിരിക്കുന്നത് 300 ഓളം പ്രദർശന – വിപണന – സേവന സ്റ്റാളുകൾ. പൊതുജനങ്ങള്‍ക്ക് സൗജന്യമായി തത്സമയ സേവനങ്ങള്‍ നല്‍കുന്നതിന് പതിനഞ്ചോളം വകുപ്പുകൾ ഒരുക്കുന്ന 20 ഓളം സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദർശന സ്റ്റാളുകൾ, ചെറുകിട സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന 150 ഓളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ഭാഗമാകും. മേളയിലേക്കുള്ള പ്രവേശനം രാവിലെ 10 മുതൽ വൈകീട്ട് 10 വരെയായിരിക്കും. വൈകീട്ട് 6 വരെയായിരിക്കും സേവന സ്റ്റാളുകളുടെ പ്രവർത്തനം. പൂർണമായും ശീതീകരിച്ച സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
പുതിയ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കല്‍, ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര്, മൊബൈല്‍ നമ്പര്‍ എന്നിവ തിരുത്തല്‍, കുട്ടികള്‍ക്കുള്ള ആധാര്‍ രജിസ്ട്രേഷന് തുടങ്ങിയ സേവനങ്ങള്‍ മേളയിലെ അക്ഷയ സെന്ററില്‍ ലഭ്യമാകും. ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളില്‍ യുണീക്ക് ഹെല്‍ത്ത് ഐ.ഡി, ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കുള്ള രജിസ്ട്രേഷന്, കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്തല്‍ തുടങ്ങിയ സേവനങ്ങളുമുണ്ടാകും. ഇതിന് പുറമെ റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍, കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരുചേര്‍ക്കല്‍, രജിസ്ട്രേഷന് പുതുക്കല്‍, അനെര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍, കൃഷി വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് വഴി മണ്ണ് പരിശോധന, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റില്‍ വെള്ളം, പാല്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഗുണമേന്മ പരിശോധിക്കാനുള്ള അവസരം എന്നിവയും ലഭ്യമാകും.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ എന്നിവ സമര്‍പ്പിക്കാനും അപേക്ഷകളുടെ തല്‍സ്ഥിതി അറിയുവാനും റവന്യൂ വകുപ്പിന്റെ സ്റ്റാളുകളില്‍ സൗകര്യമുണ്ട്. റവന്യൂ വകുപ്പിന്റെ മറ്റ് നിരവധി സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.
മേള സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തിന്റെ തനതായ രുചികളും മറ്റ് ജില്ലകളിലെ വ്യത്യസ്തമായ രുചികളും ഗോത്ര രുചികളും ആസ്വദിക്കാനാവുന്ന വിധത്തില്‍ വിപുലമായ ഭക്ഷ്യമേളയാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ, പട്ടിക വര്‍ഗ വകുപ്പ്, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്, കെ.ടി.ഡി.സി, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ, തുടങ്ങിയവര്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ടും മേളയുടെ പ്രധാന ആകർഷണമാണ്. ഇവിടെ മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള അവസരമുണ്ടാകും.
മേളയുടെ ഏഴു ദിനങ്ങളിലും വൈകുന്നേരങ്ങളിൽ നിശാഗന്ധിയിൽ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും.
