കണ്ണൂരിൽ മുസ്ലീം വിവാഹങ്ങളിൽ അടുക്കള ഭാഗത്തിരുത്തിയാണ് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നതെന്ന നടി നിഖില വിമലിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടിയുടെ മറ്റൊരു തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനാണെന്നും സുഹൃത്തുക്കളെ തടയാൻ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിഖിലയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ നാട്ടിലുള്ള ആൾക്കാരുടെ പ്രധാന പ്രശ്നം എന്താണെന്നുവച്ചാൽ കോളേജിലങ്ങട് ചേർക്കും, ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിച്ച് വിടാനാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള കാര്യമായിരുന്നു. എന്റെ ഫ്രണ്ട്സിനെയൊക്കെ ഞാൻ എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ എന്നുപറഞ്ഞ് പിടിച്ചുനിർത്തുമായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാൽ അത്ര മെച്യൂരിറ്റിയോ ലോകപരിചയമോ ഒന്നുമുണ്ടാകില്ല. ഇപ്പോൾ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരമുണ്ട്. എന്നിട്ടും പതിനെട്ട് വയസായി എന്നൊക്കെ പറഞ്ഞിട്ട് പതിനാറ് വയസിൽ കല്യാണം കഴിപ്പിക്കുന്ന ആളുകൾ ഉണ്ട്. ഒരു ഫാമിലി ഹാൻഡ്ലി ചെയ്യാൻ പറ്റുമെന്ന് നമുക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം.’- നിഖില പറഞ്ഞു.