ശ്രീനഗർ: ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. മൂന്ന് ഭീകരർക്കായി തിരച്ചിലാണ് സൈന്യം. കലാക്കോട്ടെ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രക്ഷപ്പെട്ട തീവ്രവാദികൾക്കായാണ് കാലകോട്ട് മേഖലയിൽ സംയുക്ത തിരച്ചിൽ നടത്തുന്നത്.
നാല് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും തിരച്ചിലിൽ പങ്കാളികളാണ്. തിങ്കളാഴ്ച വൈകീട്ടാണ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ പൊലീസ്-സൈനിക സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർത്തത്. പരിക്കേറ്റ രണ്ട് സൈനിക ഓഫിസർമാർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.