കോട്ടയം: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്ന പരാതിയുമായി സംരംഭകന്. നിസാര കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുകയാണെന്ന് കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകന് ഷാജിമോന്‍ ജോര്‍ജ് ആരോപിക്കുന്നു.ഇതിനെതിരേ പഞ്ചായത്തിന് മുന്നില്‍ ഷാജിമോന്‍ സത്യഗ്രഹം ആരംഭിച്ചു. ഇതോടെ ഷാജിമോനെ പോലീസ് ഉദ്യോഗസ്ഥര്‍ ബലമായി പഞ്ചായത്ത് ഓഫീസിന്റെ പുറത്താക്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ മുന്നിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ഷാജിമോന്‍ പ്രതിഷേധം നടത്തി.
സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ വഴിമുടക്കി നില്‍ക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോന്‍ ആരോപിക്കുന്നു.നിര്‍മാണ അനുമതി നല്കാന് കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷാജിമോന്‍ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്.
മാഞ്ഞൂര്‍ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോന്‍ സ്പോര്‍ട്ടിങ് വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു മന്ത്രിമാര്‍ നേരിട്ടും വ്യവസായ മന്ത്രി ഓണ്‍ലൈന്‍ വഴിയും പങ്കെടുത്താണ് 90 പേര്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിനു ശേഷവും നിസാര കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്നാണ് ഷാജിമോന്റെ പരാതി. ഇതോടെ ഷാജിമോന്‍ വീണ്ടും വിജിലന്‍സിനെ സമീപിച്ചു. മന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടു. ഇവരൊക്കെ ഇടപെട്ടിട്ടും പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിന് മാറ്റമുണ്ടായിട്ടില്ലെന്ന് ഷാജിമോന്‍ ആരോപിക്കുന്നു. ഗതികെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപവാസം നടത്താനും കോടതിയെ സമീപിക്കാനുമുളള തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി എത്തിച്ചാല്‍ ഷാജിമോന്‍ കെട്ടിട നമ്പര്‍ നല്‍കാമെന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി പറഞ്ഞു. പ്രവാസി സംരംഭകനോട് വിദ്വേഷമില്ലെന്നും സമരം പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കാന്‍ ഷാജിമോന്‍ തയാറാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഷാജിമോന്‍ ജോര്‍ജ് വ്യക്തമാക്കി.