ദുബായ്: ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാവില്ലെന്ന് എമിറേറ്റ്സ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. യുഎഇ പൗരന്മാര്, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരെ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Also Read: മലയാളി ആയുര്‍വേദ ഡോക്ടറിന് ഗോള്‍ഡന്‍ വിസ
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചത്. എന്നാല്‍ നിരവധി തവണ നീട്ടിവച്ച ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ജുലൈ 15 മുതല്‍ പുനരാരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഫ്ളൈ ദുബായ്, വിസ്താര, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ദുബായിലേക്ക് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എമിറേറ്റ്സിന്റെ പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.