അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനോ സല വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തല്‍. എയര്‍ ആകിസിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റേതാണ് കണ്ടെത്തല്‍. രാത്രി വിമാനം പറത്തുന്നതിനുള്ള പരിശീലനം പൈലറ്റായ ഡേവിഡ് ഇബോസ്റ്റണ്‍ പൂര്‍ത്തിയാക്കിയില്ലെന്നാണ് എയര്‍ ആകിസിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ഡേവിഡിന്റെ കയ്യില്‍ ഉണ്ടായിരുന്ന സ്വകാര്യ പൈലറ്റ് ലൈസന്‍സ് യാത്രക്കാരുമായി വിമാനം പറത്തുന്നതിനുള്ള മതിയായ രേഖയല്ലായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പലപ്പോഴും ലൈസന്‍സില്ലാത്ത പൈലറ്റുമാര്‍ ഇത്തരത്തില്‍ വിമാനം പറത്തുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
ജനുവരി 21 നാണ് എമിലിയാനോ സല സഞ്ചരിച്ച വിമാനം അപകടത്തില്‍ പെടുന്നത്. ഫ്രാന്‍സിലെ നാന്റസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രയിലായിരുന്നു അപകടം ഉണ്ടായത്. ഇംഗ്ലീഷ് കടലിടുക്കില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തത്.