അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ അയച്ച യുവാവിനെ അറസ്റ്റ് ചെയ്ത് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. ഗുജറാത്തിലെ രാജ്കോട്ടിൽ താമസിച്ച് വരുന്ന യുവാവാണ് പിടിയിലായത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.യുവാവിന്റെ സന്ദേശത്തിൽ മറ്റ് വിവരങ്ങളൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചത്. മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് രാജ്കോട്ടിലാണ് താമസിക്കുന്നത്. യുവാവ് തന്റെ ഫോണിൽ നിന്നുമാണ് ഇമെയിൽ അയച്ചത്. ഇതിനെ തുടർന്ന് സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.ഈ മാസം പതിനാലിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഏകദിന ക്രിക്കറ്റിന് സ്റ്റേഡിയം വേദിയാകും.ഭീഷണിയെ തുടർന്ന് സ്റ്റേഡിയത്തിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ഉന്നത പൊലീസ് അധികാരികൾ നിർദ്ദേശം നൽകിയിരുന്നു. പതിനാലിന് നടക്കാൻ പോകുന്ന ഇന്ത്യ – പാകിസ്ഥാൻ ഏകദിന മത്സരത്തിൽ സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കാൻ ഗുജറാത്ത് പൊലീസ്, എൻഎസ്ജി, ആർഎഎഫ്, ഹോം ഗാർഡുകൾ, തുടങ്ങി വിവിധ ഏജൻസികളിലെ 11,000ൽ അധികം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്ന് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചു.