
കൊല്ലം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് നീക്കിയ നടപടി റദാക്കി. ഇതോടെ വൈഷ്ണ സുരേഷിന് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാം.
സാങ്കേതികത്തിന്റെ പേരിൽ 24 വയസുളള പെൺകുട്ടിയ്ക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത്. അത് അനീതിയാണ്. സാങ്കേതികകാരണങ്ങൾ പറഞ്ഞ് 24 കാരിയുടെ വോട്ടവകാശം തടയരുതെന്നും കോടതി പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും കോടകി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിനകം വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കലക്ടർ തീരുമാനമെടുക്കണം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കോടതിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഉത്തരവ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്.


