തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ പരാതി കോവളം സി.ഐക്ക് കൈമാറി. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവന്നേക്കാം. തുടര്‍നടപടികള്‍ക്കായി ഇനി നിയമസഭാ സ്പീക്കറെ അന്വേഷണം സംഘം സമീപിക്കും. സ്പീക്കറുടെ അനുമതിയോടെ മാത്രമേ തുടര്നടപടികളെടുക്കാനാകു. ഇതിനുമുമ്പ് ജില്ലാ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം എൽദോസ് കുന്നപ്പിള്ളി എവിടെയാണെന്ന വിവരം ഇപ്പോഴും ലഭ്യമല്ല. എംഎല്‍എ നേരത്തെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.