
മനാമ: നാസര്‍ ബിന്‍ ഹമദ് മറൈന്‍ പൈതൃക സീസണിന്റെ എട്ടാം പതിപ്പിന്റെ ഭാഗമായി ബഹ്റൈനില്‍ ഈ വാരാന്ത്യത്തില്‍ മുത്തുവാരല്‍ മത്സരം നടത്തും.
ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്പോര്‍ട്സ് കമ്മിറ്റി(മൗറൂത്ത്)യാണ് മത്സരം സംഘടിപ്പിക്കുന്നത്. മുഹറഖിന്റെ വടക്കുഭാഗത്തുള്ള ഹെയര്‍ ഷാത്തിയ കടല്‍ മേഖലയിലായിരിക്കും മത്സരം.
രണ്ടു ജില്ലകളിലായി നടക്കുന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ കടലില്‍ മുങ്ങി ചിപ്പികള്‍ ശേഖരിക്കും. പിന്നീട് ഈ ചിപ്പികളില്‍നിന്ന് മുത്തുകള്‍ വേര്‍തിരിച്ചെടുക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുക.
പൂര്‍വികരുടെ പൈതൃകം വീണ്ടെടുക്കാനും ഒരുകാലത്ത് ബഹ്റൈന്‍ ജനതയുടെ അഭിമാനത്തിന്റെയും ഉപജീവനത്തിന്റെയും ഉറവിടമായിരുന്ന മുത്തുകളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാനും ലക്ഷ്യം വെച്ചാണ് മത്സരമെന്ന് സംഘാടകസമിതി അദ്ധ്യക്ഷന്‍ അഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.
ഇത്തവണ പരമ്പരാഗത തുഴച്ചില്‍ മത്സരം, കൈകോര്‍ത്തുള്ള മീന്‍പിടുത്ത മത്സരം, ശ്വാസം പിടിച്ചുനിര്‍ത്തല്‍ മത്സരം, കുട്ടികള്‍ക്കുള്ള നീന്തല്‍ മത്സരം തുടങ്ങിയവയുമുണ്ടാകും.
