മനാമ: ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്സും ആണ് യാത്രയിൽ പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്നവരായിരുന്നു യാത്രികരിൽ പലരും.
പ്രവാസ ജീവിതത്തിനിടക്ക് ലഭിച്ച അപൂർവ അവസരമായിട്ടാണ് ചിലർ ഇതിനെ വിലയിരുത്തിയത്. ജുഫൈറിലെ ഗ്രാൻഡ് മോസ്ക്, ദില്മുനിയ മാൾ, മറീന ബീച്ച്, മാൽകിയ ബീച്ച്, ഒട്ടക പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. ലെമൺ സ്പൂൺ, മധുരം മലയാളം, ഇൻസ്റ്റന്റ് ക്വിസ് തുടങ്ങിയ മത്സരങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. യാത്രയ്ക്ക് ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മൊയ്തു, ഷമീം, ഫസലുറഹ്മാൻ, ജലീൽ, ഹാഷിം, സമീറ നൗഷാദ്, റഷീദ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.