തിരുവനന്തപുരം: വി എസ് എസ് സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു.
പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു.
പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ലെന്നും പ്രോജക്ട് കൺസൾട്ടൻ്റ് രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കി.
നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുമാണ് പ്രോജക്ട് കൺസൾട്ടൻ്റ് പറയുന്നത്.
പൊലീസും പ്രദേശവാസികളും തമ്മിൽ പല തവണ വാക്കേറ്റമുണ്ടായി. സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി. ജില്ലാ ലേബർ ഓഫീസറോട് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം.
