കെയ്റൊ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലുവിൻ്റെ 190-മത് ഹൈപ്പർമാർക്കറ്റ് ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചു. തലസ്ഥാന നഗരിയായ കെയ്റോവിലെ ഹെലിയൊപൊളിസിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ഈജിപ്ത് ആഭ്യന്തര വ്യാപാര-സപ്ലൈ വകുപ്പ് മന്ത്രി ഡോക്ടർ അലി മൊസെൽഹി ഉദ്ഘാടനം നിർവ്വഹിച്ചു. ആഭ്യന്തര വ്യാപാര ഉപമന്ത്രി ഡോക്ടർ ഇബ്രാഹിം അഷ് മാവി, യു.എ.ഇ. കാര്യാലയം ഫസ്റ്റ് സെക്രട്ടറി റാഷിദ് അബ്ദുള്ള അൽ സോയ്, ഇന്ത്യൻ എംബസ്സി സെക്കൻ്റ് സെക്രട്ടറി നഹാസ് അലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മറ്റ് ഉന്നത ലുലു ഗ്രുപ്പ് പ്രതിനിധികൾ എന്നിവർ വീഡിയോ കോൺ ഫറൺസിലൂടെ ചടങ്ങ് വീക്ഷിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകളും 4 മിനി മാർക്കറ്റുകളും.തുറക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. ഈജിപ്ത് ആഭ്യന്തര വ്യാപാര-സപ്ലൈ വകുപ്പ്മായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ കരാർ പ്രകാരം നാല് ഹൈപ്പർമാർക്കറ്റുകൾ ഈജിപ്ത് സർക്കാരുമായി ചേർന്നാണ് പണിതുയർത്തുന്നത്. ഹൈപ്പർമാർക്കറ്റുകൾ പൂർണ്ണമായും പ്രവർത്തനമാകുന്നതോടെ എണ്ണായിരത്തോളം പേർക്ക് ജോലി നൽകുവാൻ സാധിക്കും. നിക്ഷേപകർക്ക് മികച്ച പിന്തുണയാണ് ഈജിപ്ഷ്യൻ സർക്കാർ നൽകുന്നതെന്നും യൂസഫലി പറഞ്ഞു.
കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കിഴക്കനേഷ്യൻ രാജ്യമായ ഇന്തോനേഷ്യയിലെ മുന്നാമത് ലുലു ഹൈപ്പർമാർക്കറ്റ് ജക്കാർത്തക്കടുത്തുള്ള ബോഗോർ പ്രവിശ്യയിലെ സെൻ്റ്റുൽ സിറ്റിയിൽ ബുധനാഴ്ച (29 ജൂലായ് ) മുതൽ പ്രവർത്തനമാരംഭിക്കും.