തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ സമൻസിനേയും കോടതിയിൽ നേരിടുമെന്നു മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കോടതി നിർദേശിച്ചാൽ ഇഡിക്കു മുന്നിൽ ഹാജരാകും. അല്ലാതെ ഹാജരാകില്ല. കോടതിയെ മാനിക്കാത്ത നടപടിയാണ് ഇ.ഡിയുടേത്. കിഫ്ബിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടു രണ്ടര വർഷമായി. ക്രമക്കേടുണ്ടെങ്കിൽ ഇ.ഡിക്ക് ഇടപെടാം. ക്രമക്കേട് കണ്ടെത്തുന്നതിനു വേണ്ടി ഇടപെടാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ഇ.ഡി നേരത്തേ സമൻസ് അയച്ചപ്പോൾ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി അയക്കുന്ന സമൻസുകൾ നിയമപരമല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. കിഫ്ബിയും ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമൻസ് ഇ.ഡി പിൻവലിച്ചിരുന്നു. എന്തു ചെയ്യാൻ പാടില്ലെന്നു ഹൈക്കോടതി പറഞ്ഞോ, അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇ.ഡിയുടെ പുതിയ സമൻസെന്നു തോമസ് ഐസക് പറഞ്ഞു.
ഇ.ഡി വീണ്ടും ഇതേ ന്യായങ്ങൾ പറഞ്ഞു സമൻസ് അയച്ചാൽ സംരക്ഷണത്തിനു കോടതിയെ സമീപിക്കും. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നൽകുന്നതിനായി ഹാജരാകണം എന്നാണ് ഇപ്പോഴത്തെ സമൻസിലൂടെ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം നൽകിയ രണ്ടു സമൻസുകൾ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജി ഹൈക്കോടതി അനുവദിക്കുകയാണു ചെയ്തത്. ഉന്നയിച്ച ആക്ഷേപങ്ങൾ കോടതി അംഗീകരിച്ചു എന്നാണ് അർഥം. നിയമലംഘനം അന്വേഷിക്കാനല്ലാതെ കുറ്റം കണ്ടുപിടിക്കാനുള്ള അന്വേഷണം പാടില്ലെന്ന് കോടതി എടുത്തു പറഞ്ഞു. ഇപ്പോൾ ഇ.ഡി നൽകിയിരിക്കുന്ന പുതിയ സമൻസ് കോടതി വിധിയുടെ അന്തസത്തയെ മാനിക്കാത്തതാണ്. എന്താണോ കോടതി പാടില്ലെന്നു പറഞ്ഞത്, അതേരീതിയിലുള്ള വഴിവിട്ട നടപടിയുമാണ്. മറ്റൊരു റോവിങ് അന്വേഷണത്തിനാണ് ഇ.ഡി തുനിയുന്നത്. ഇതു നിയമവിരുദ്ധവും കോടതിവിധിയുടെ ലംഘനവുമാണ്. പഴയ സമൻസുകൾ എന്തുകൊണ്ടാണോ പിൻവലിക്കാൻ ഇ.ഡി നിർബന്ധിതമായത്, അതേ സ്വഭാവത്തിലുള്ള സമൻസാണ് ഇപ്പോഴത്തേതും. ഇക്കാര്യങ്ങൾ ഇ.ഡിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.