കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ ഇടപെട്ടുവെന്ന് സ്വപ്ന അടുത്തിടെ വിവിധ ന്യൂസ് ചാനലുകളിലൂടെയായി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് സ്വപ്നയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കസ്റ്റഡിയില്‍ കഴിയവെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന് പറയുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ ശിവശങ്കറാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.
ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വപ്ന കസ്റ്റഡിയിലുണ്ടായിരുന്നപ്പോള്‍ സുരക്ഷയ്ക്ക് നിന്നിരുന്ന പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇഡിയെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് ഹൈക്കോടതി പിന്നീട് റദ്ദാക്കി.