ന്യൂഡല്‍ഹി: തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുപതി , രവി തേജ, രാകുല്‍ പ്രീത് സിങ്, പുരി ജഗനാഥ് എന്നിവരുള്‍പ്പെടെ 12 പേരെ മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാലു വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാനാണ് നോട്ടിസ്.
രാകുൽ പ്രീത് സിങ് (സെപ്റ്റംബർ 6), റാണ ദഗ്ഗുപതി (സെപ്റ്റംബർ 8), രവി തേജ (സെപ്റ്റംബർ 9), പുരി ജഗനാഥ് (ഓഗസ്റ്റ് 31) എന്നീ ദിവസങ്ങളിലാണു ചോദ്യം ചെയ്യലിനു ഹാജരാകേണ്ടത്. മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലങ്കാന എക്സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ചാർമി കൗർ, നവദീപ്, മുമൈദ് ഖാൻ, നന്ദു, തരുൺ, തനിഷ്, രവി തേജയുടെ ഡ്രൈവർ എന്നിവരാണു ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റുള്ളവർ. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് തെലങ്കാന എക്സൈസ് വകുപ്പ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്യുകയും 62 പേരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര് സിനിമാമേഖലയുമായി ബന്ധമുള്ളവരാണ്.
