
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാനിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 22ന് ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ചോദ്യം ചെയ്യുന്നതിനാണ് ഗോകുലം ഗോപാലനെ ഇഡി വീണ്ടും വിളിച്ചു വരുത്തുന്നത്. ഇന്നലെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വച്ച് ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
ചിട്ടികളിൽ ഉൾപ്പെടുത്തിയ പ്രവാസികളുടെ വിവരങ്ങൾ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പെൻഡ്രൈവിലാക്കി ഇഡിയ്ക്ക് നൽകിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകണമെന്നാണ് ഇഡിയുടെ നിർദ്ദേശം.പ്രവാസികളിൽ നിന്ന് നിയമം ലംഘിച്ച് 593 കോടിയോളം രൂപ ചിട്ടികൾക്കായി സ്വീകരിച്ചെന്നാണ് ഇഡി അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ 75 ശതമാനവും പണമായാണ് സ്വീകരിച്ചതെന്നും ഇഡി പറയുന്നു.
ചിട്ടി ചേർന്നതിന് ശേഷം വിദേശത്ത് പോയ പലരും കഴിഞ്ഞ ദിവസം മൊഴി നൽകിയതായും വിവരങ്ങളുണ്ട്. അടുത്തിടെ ഗോകുലം ഗോപാലന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു.ഇഡിയുടെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ ഗോകുലം ഗോപാലൻ മാദ്ധ്യമങ്ങളോടും പ്രതികരിക്കുകയുണ്ടായി. ഇഡിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ടെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. അതേസമയം എന്തുവിഷയത്തിന്മേലാണ് ചോദ്യം ചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റ് ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
