
ആലപ്പുഴ: തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദനങ്ങളിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയർമെന്റ്നുശേഷം ഏമാന് ഇവന്റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു ആരോപിച്ചു.
കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളിൽ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരിയും രംഗത്തെത്തിയിരുന്നു.
