കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലായി വാഹനം മോഷണം പോയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഏഴ് പേരെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെ കവർന്ന നാല് സ്പെലെൻഡറുകളടക്കം ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.
പിടിയിലായവരിൽ മൂന്ന് പേർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും പലതവണ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാത്രിയിൽ വീട് വിട്ടിറങ്ങുന്ന സംഘം മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി നടന്ന് മറ്റ് വാഹനങ്ങൾ മോഷ്ടിക്കുകയാണ് പതിവ്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്. മോഷണത്തിലേർപ്പെട്ടവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ് എന്ന് തിരിച്ചറിഞ്ഞതോടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസ് വിവരം ധരിപ്പിക്കുകയായിരുന്നു.