ലഹരി വസ്തുക്കളുടെ ഉപയോഗമാണ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വാഴക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന ലഹരി വസ്തുക്കള്‍ സമൂഹത്തിനുണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. ഇതിനെതിരെ ജാഗ്രതയോടെയുള്ള സമീപനമാണ് സമൂഹം സ്വീകരിക്കേണ്ടത്. അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അവരുടെ ജീവിത സാഹചര്യങ്ങള്‍ പരിശോധിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ശ്രദ്ധിക്കണം. കേരളത്തിലെ ചുറ്റുപാടുമായി ചേര്‍ന്ന് ജീവിക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിഥി തൊഴിലാളികളെയും കുടുംബങ്ങളെയും പ്രത്യേകം ബോധവത്ക്കരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് അതത് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണം. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുമ്പോള്‍ കുറ്റകൃത്യങ്ങളുടെ തോത് കുറയുമെന്ന് കമ്മിഷന് അധ്യക്ഷ പറഞ്ഞു.
പോലീസിന്റെ ശക്തമായ നിരീക്ഷണം, സിസിടിവി സ്ഥാപിക്കല്‍, ജനപ്രതിനിധികള്‍, അങ്കണവാടി – ആശാ വര്‍ക്കര്‍മാരുടെ ഇടപെടല്‍ എന്നിവ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തടയുന്നതിന് സഹായകമാകും. പ്രശ്ന സാധ്യത പ്രദേശങ്ങളില്‍ പോലീസിനൊപ്പം പൊതുജനങ്ങളും നിരീക്ഷിക്കണം. പോലീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന രജിസ്ട്രേഷന് ക്യാമ്പ് അഭിനന്ദാനാര്ഹമാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാന്‍ കമ്മീഷന് പ്രവര്‍ത്തിക്കുമെന്നും വനിത കമ്മിഷന് അധ്യക്ഷ പറഞ്ഞു. ‘അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ മൂവാറ്റുപുഴ സ്റ്റേഷന് എ. എസ്.ഐ. സിബി അച്യുതന് ക്ലാസ് നയിച്ചു. ഓരോരുത്തരും തങ്ങളുടെ പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ യോദ്ധാവ് ആപ്പ് മുഖേനയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ഓരോ വ്യക്തികളും പോലീസിനെ എങ്ങനെ സമീപിക്കണമെന്നും ക്ലാസില്‍ വിശദീകരിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും ഒട്ടനവധി നിയമങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടെന്നും വീടുകള്‍, തൊഴിലിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ‘സ്ത്രീകളും സംരക്ഷണ നിയമങ്ങളും’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ച അഡ്വ. എം.ബി. ഷൈനി പറഞ്ഞു. ചടങ്ങില്‍ കമ്മിഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ മുഖ്യാതിഥിയായി. വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാ മണി, ഡയറക്ടര്‍ ഷാജി സുഗുണന്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, വൈസ് പ്രസിഡന്റ് അജി ഹക്കിം, ബ്ലോക്ക് അംഗം കെ.എം. മുഹമ്മദ് സിറാജ്, കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന, ബ്ലോക്ക് ശിശു വികസന ഓഫീസര്‍മാരായ വി.എ. റഷീദ, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷെമീന അബ്ദുല്‍ ഖാദര്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പുഷ്പാ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.