
മനാമ: ബഹ്റൈനിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിൽ രണ്ടു വിദേശികൾക്ക് കോടതി 15 വർഷം വീതം തടവും 5,000 ദിനാർ വീതം പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇവരെ നാടുകടത്താനും ഇവരിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
‘ഡെഡ് ഡ്രോപ്പ്’ രീതി ഉപയോഗിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. റാസ് അൽ റുമാൻ പ്രദേശത്ത് താമസിക്കുന്ന ഒരു പോലീസുദ്യോഗസ്ഥൻ ഒരു ദിവസം രാവിലെ 6.30ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് ഇതു കണ്ടെത്തിയത്. പ്രതികളിലൊരാൾ ഒരു വസ്തു ഒരു സ്ഥലത്ത് വെക്കുന്നതും മറ്റൊരാൾ മൊബൈൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുക്കുന്നതും പോലീസുദ്യോഗസ്ഥൻ കണ്ടു. സംശയം തോന്നിയതിനെ തുടർന്ന് അദ്ദേഹം വിവരം നൽകിയതനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


