ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട തെരച്ചിൽ വിഫലം. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട പ്രസിഡൻ്റിൻ്റേയും സംഘത്തിൻ്റേയും മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തുകയായിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. ആദ്യ ഘട്ടത്തിൽ തെരച്ചിൽ തുടർന്നെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇറാൻ രക്ഷാ ദൗത്യ സംഘത്തിന് ഹെലികോപ്റ്റർ കണ്ടെത്താനായിരുന്നില്ല. തുടർന്ന് രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ തുർക്കിയും റഷ്യയും മുന്നോട്ട് വരികയായിരുന്നു.
തുർക്കിയിൽ നിന്നുള്ള ‘അകിൻസി’ ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതോടെയാണ് ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡ്രോണുകളുമായുള്ള ദൗത്യസംഘം ഹെലികോപ്റ്റർ തകർന്നുവീണ് കത്തുന്ന അസർബൈജാനിലെ തവിൽ പ്രദേശം കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ജീവനോടെ ആരും ഇല്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തുർക്കിയെ കൂടാതെ, തെരച്ചിലിന് സഹായിക്കുന്നതിനായി റഷ്യയും രംഗത്തെത്തി. പ്രത്യേക വിമാനങ്ങളും 50 പ്രൊഫഷണൽ മൗണ്ടെയ്ൻ രക്ഷാപ്രവർത്തകരെയും പ്രദേശത്തേക്ക് അയയ്ക്കാൻ റഷ്യ തയ്യാറായി.
അർമേനിയയിൽ നിന്ന് രണ്ട് പ്രത്യേക റഷ്യൻ ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തേക്ക് അയയ്ക്കുമെന്ന് ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു. രക്ഷാ ദൗത്യസംഘത്തെ നിയോഗിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതായും പുറത്തു വന്നിരുന്നു. രണ്ടു രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള നാൽപതിലേറെ സംഘങ്ങൾ 12 മണിക്കൂറിലേറെ നടത്തിയ തെരച്ചിലിലാണ് ഒടുവിൽ ഹെലികോപ്ടര്‍ കണ്ടെത്താനായത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണ് അപകടത്തിന് കാരണമെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിച്ചത്.
അതിനിടെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍ രംഗത്തെത്തുകയായിരുന്നു. അപകടത്തില്‍ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ആദ്യഘട്ട പരിശോധനയില്‍ സമീപത്തായി ആരെയും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്റ് ചെയര്മാൻ കോലിവാന്‍ഡും അറിയിച്ചു. ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.