കോട്ടയം : സ്വപ്നങ്ങൾക്കും, ലക്ഷ്യങ്ങൾക്കും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കടപ്ലാമറ്റം മാറിടത്തിൽ പൊടിമറ്റത്തിൽ പി.വി വർഗീസ്. 90 ആം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
എല്ലാവരും വണ്ടി ഓടിക്കുന്ന ഈ കാലത്ത് താൻ മാത്രം ഒരു പഴഞ്ചനായി തുടരുകയാണെന്നുള്ള ചിന്തയിൽ നിന്നാണ് അദ്ദേഹം ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചത്. അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ 15 ദിവസത്തോളം പഠിച്ചെങ്കിലും ‘എച്ച്’വഴങ്ങിയില്ല. എന്നാൽ തോറ്റു പിന്മാറാൻ അദ്ദേഹത്തിന് മനസില്ലായിരുന്നു. പാലായിലെ നെല്ലിയാനി മൈതാനത്ത് എച്ച് എടുക്കാൻ എത്തിയ ആളെ കണ്ട് പൊലീസ് ഇൻസ്പെക്ടറും അതിശയിച്ചു. എന്നാൽ ഒരിടക്ക് തന്നെ പരിഹസിച്ചവരെകൊണ്ട് കയ്യടിപ്പിച്ച് അദ്ദേഹം ലൈസൻസ് നേടി.
പാലാ, കോട്ടയം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ഒറ്റക്ക് കാറിൽ എത്തും. പ്രായമായി ഇനി ഇത്തരം ആഗ്രഹമൊന്നും നടക്കില്ല എന്ന് പറഞ്ഞവർക്കെല്ലാം വലിയൊരു പ്രചോദനം ആവുകയാണ് അദ്ദേഹം.