ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങള്‍ വിശദീകരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുല്‍ക്കര്‍ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. കുരുല്‍കര്‍ ചാരവനിതയില്‍ ആകൃഷ്ടനായി. ആര്‍ഡിഒയുടെ രഹസ്യവിവരങ്ങള്‍ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നല്‍കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
പൂനെയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ)ഒരു ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. ചാരവൃത്തി കണ്ടെത്തിയതിനെ തുടര്‍ന്ന് മേയ് 3ന് അറസ്റ്റ് ചെയ്ത കുരുല്‍ക്കറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
യുകെയിലെ സോഫ്റ്റ്വെയര് എന്‍ജിനീയറെന്നു പരിചയപ്പെടുത്തിയ ചാരവനിത, പ്രദീപിന് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിരുന്നു. അന്വേഷണത്തില്‍ യുവതിയുടെ ഐപി അഡ്രസ് പാകിസ്താനില്‍ നിന്നാണെന്നു കണ്ടെത്തി. മിസൈലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കങ്ങളും പാക് ഏജന്റില്‍ നിന്നുണ്ടായിട്ടുണ്ട്.
2022 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇരുവരും തമ്മില്‍ സംഭാഷണം നടന്നിരുന്നു. ഡിആര്‍ഡിഒ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പ്രദീപിന്റെ ഇടപെടലുകളില്‍ ദുരൂഹതയുള്ളതായി കണ്ടെത്തിയിരുന്നു. 2023 ഫെബ്രുവരിയില്‍ കുരുല്‍ക്കര്‍, സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പ്രദീപിന്റെ ഫോണിലേക്ക് മറ്റൊരു ഇന്ത്യന്‍ ഫോണില്‍ നിന്ന് സന്ദേശം എത്തി. ‘നിങ്ങള്‍ എന്തിനാണ് എന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തത്.?’എന്നു ചോദിച്ചായിരുന്നു സാറ സന്ദേശം അയച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.