ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ ഇരട്ടിയിലേറെ വോട്ടുകൾക്ക് മുന്നിലാണ് മുർമു. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വനിതയായി ചരിത്രം സൃഷ്ടിച്ചാണ് മുർമു പ്രസിഡന്റാകുന്നത് . രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്.
ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ‘രാജ്യം ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. പതിനഞ്ചാമത് രാഷ്ട്രപതിയെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒഡീഷയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മകൾ ദ്രൗപതി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
അതേസമയം, രാംനാഥ് കോവിന്ദ് ജൂലൈ 24ന് രാഷ്ട്രപതി സ്ഥാനത്തു നിന്ന് വിരമിക്കും. തുടർന്ന്, ജൂലൈ 25ന് ദ്രൗപദി മുർമു രാജ്യത്തിൻറെ പ്രസിഡന്റായി പദവിയേൽക്കും. വോട്ടെണ്ണൽ അന്തിമഘട്ടത്തിലാണ് ഇപ്പോൾ. ഇതിനിടെ എൻഡിഎയുടെ ദ്രൗപദി മുർമുവിന്റെ ജന്മഗ്രാമത്തിൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.