ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ 53-ാമത്തെ കളക്ടറായി ഡോ. രേണു രാജ് ചുതമലയേറ്റു. രാവിലെ 10.30ന് എത്തിയ പുതിയ കളക്ടറെ എ.ഡി.എം ജെ. മോബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അച്ഛന് രാജകുമാരന് നായര്‍, അമ്മ വി.എന്‍. ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും ഡോ. രേണുവിനൊപ്പം എത്തിയിരുന്നു. കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കളക്ടര്‍ ആദ്യം പങ്കെടുത്തത്. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയും ജീവനക്കാരെ സന്ദര്‍ശിക്കുകയും ചെയ്തു.
ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ജില്ലയെന്ന നിലയിൽ ആ മേഖലയ്ക്ക് കൂടുതൽ ശ്രദ്ധ നൽകും. കനാൽ സൗന്ദര്യവത്കരണവും നവീകരണമുൾപ്പടെയുള്ള വിവിധ പദ്ധതികൾ നടന്നുവരുന്നുണ്ട്. കോവിഡ് കാലത്തിന് ശേഷം ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് കൈവന്നിട്ടുണ്ട്, അത് പ്രയോജനപ്പെടുത്തി മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ആരോഗ്യകരമായ മത്സരം വേണമെന്നും ഇത്തരം കാര്യങ്ങൾ കൂടുതൽ ഊർജിതമായി നടപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.
2015 ഐ.എ.എസ് ബാച്ചില്‍പെട്ട ഡോ. രേണു നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ആലപ്പുഴ കളക്ടറായി നിയമിക്കപ്പെട്ടത്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, എറണാകുളം അസിസ്റ്റന്റ് കളക്ടർ (ട്രെയിനി) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
