
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിൽ സമവായം. മിനി കാപ്പന് രജിസ്ട്രാര്‍ ഇൻചാര്‍ജിന്റെ ചുമതല നൽകിയ തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി. ഡോ. രശ്മിക്ക് പകരം ചുമതല നൽകും. കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ ആണ് ഡോ. രശ്മി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
താൽകാലിക രജിസ്ട്രാർ മിനി കാപ്പൻ പങ്കെടുക്കുന്നതിൽ ഇടത് അംഗങ്ങള്‍ യോഗത്തിൽ പ്രതിഷേധിച്ചു. രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മറ്റു അജണ്ടകളിലേക്ക് കടക്കാതെ മിനി കാപ്പന്റെ നിയമനത്തിലടക്കം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചു.
തര്‍ക്കത്തിനൊടുവിലാണ് മിനി കാപ്പനെ മാറ്റാൻ തീരുമാനിച്ചത്. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. രജിസ്ട്രാര്‍ അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി ഇന്നത്തെ യോഗം പരിഗണിക്കില്ല. കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇക്കാര്യം ചര്‍ച്ചക്ക് എടുക്കാതിരുന്നത്
