മനാമ: ബഹറിനിൽ നിയമം ലംഘിക്കുന്ന തെരുവ് കച്ചവടക്കാർക്കുള്ള പിഴ ഇരട്ടിയാക്കി. നടപ്പാതകൾ തടയുകയും പ്രാദേശിക ബിസിനസ്സുകൾക്ക് ഭീഷണിയാവുകയും ചെയ്യുന്ന തെരുവ് കച്ചവടക്കാർക്ക് പിഴ അടച്ചാലുടൻ അവർ വീണ്ടും ഷോപ്പ് തുടങ്ങുന്നത് തടയാൻ ഇരട്ടി പണം പിഴ ചുമത്തും. ഓരോ തവണ പിടിക്കപ്പെടുമ്പോഴും 20 ദിനാറിനും 50 ദിനാറിനും ഇടയിൽ മാത്രമേ തുക നൽകേണ്ടി വരികയുള്ളൂവെന്നതിനാൽ നിയമലംഘകർ പതിവ് പരിശോധനകൾ അവഗണിക്കുകയാണ്. അതിനാൽ ഓരോ തവണയും ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ പിഴ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.
റോഡുകളും തെരുവുകളും തടയുന്ന വിധത്തിൽ കച്ചവടം നടത്തുക, കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുക. പ്രാദേശിക ലൈസൻസുള്ള ചെറുകിട ബിസിനസ്സുകൾക്ക് മത്സരം സൃഷ്ടിക്കുക, അനാരോഗ്യകരവും അപകടസാധ്യതയുള്ളതുമായ സാധനങ്ങൾ വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കുക തുടങ്ങി പലതരത്തിലുള്ള അപകടസാധ്യതകളാണ് അനധികൃത കച്ചവടക്കാർ സൃഷ്ടിക്കുന്നത്.
മുനിസിപ്പാലിറ്റി ലൈസൻസ് ഇല്ലാത്ത അനധികൃത തെരുവ് കച്ചവടക്കാർക്ക് 20 മുതൽ 500 ദിനാർ വരെ പിഴ ഈടാക്കുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഫുഡ് ട്രക്കുകൾ പോലുള്ള ബിസിനസ്സുകൾക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും ന്യായമായ ഫീസുകളും അടിസ്ഥാനമാക്കി അതാത് മുനിസിപ്പാലിറ്റിയാണ് ലൈസൻസ് നൽകുന്നത്.
മുനിസിപ്പൽ അനുമതിയില്ലാതെ സ്ഥലം കൈവശപ്പെടുത്തുന്ന വഴിയോരക്കച്ചവടക്കാരിൽ നിന്ന് ഉയർന്ന പിഴ ഈടാക്കാനുള്ള പാർലമെന്ററി നിർദ്ദേശത്തെ കൗൺസിലർമാർ പിന്തുണച്ചിട്ടുണ്ട്. പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റികളും പരിസ്ഥിതി കാര്യ സമിതിയും അവലോകനം ചെയ്യുന്ന 1996 ലെ പൊതു റോഡുകളുടെ ഉപയോഗ നിയമം ഭേദഗതി ചെയ്യാൻ ഈ നിർദ്ദേശം ലക്ഷ്യമിടുന്നു.
