മനാമ: മൂല്യവർധിത നികുതി (വാറ്റ്) അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായി വർധിപ്പിക്കാൻ ശൂറ കൗൺസിൽ അംഗീകാരം നൽകി. ഇന്നലെ ഗുദൈബിയയിലെ ദേശീയ അസംബ്ലി സമുച്ചയത്തിൽ പ്രതിവാര സെഷനിൽ നടന്ന ചർച്ചയെ തുടർന്നാണ് 2018 ലെ വാറ്റ് നിയമത്തിലെ ഭേദഗതികൾക്ക് ഷൂറ കൗൺസിൽ അംഗീകാരം നൽകിയത്. 15 അംഗങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. പാർലമെൻറ് നിയമം പാസാക്കിയതിന് അഞ്ചു ദിവസത്തിന് ശേഷമാണ് ശൂറ കൗൺസിലും ഇതിന് അംഗീകാരം നൽകിയത്.
2022 ജനുവരി 1 മുതൽ വാറ്റ് വർദ്ധനവ് നടപ്പിലാക്കും. സാമൂഹികസുരക്ഷ സംവിധാനങ്ങൾ നിലനിർത്തുന്നതിനും സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിനും വാറ്റ് വർധന വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ലെ വാറ്റ് വരുമാനത്തിന്റെ യാഥാസ്ഥിതിക കണക്ക് 288 മില്യൺ ബഹ്റൈൻ ദിനാർ ആയി തുടരുന്നുണ്ടെങ്കിലും, പൂർണ്ണമായ വാറ്റ് നടപ്പാക്കലിലൂടെ സർക്കാർ 490 മില്യൺ ബഹ്റൈൻ ദിനാർ വരെ സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വില വർധന കണക്കിലെടുത്ത് സാമൂഹ്യക്ഷേമ, പിന്തുണാ അലവൻസുകൾ ജനുവരി 1 മുതൽ 10 ശതമാനം വർധിപ്പിക്കുന്നതിനും ഷൂറ കൗൺസിൽ അംഗീകാരം നൽകി. 10 ശതമാനം വർദ്ധനവിന് ഏകദേശം 2 മില്യൺ ബഹ്റൈൻ ദിനാർ കൂടുതൽ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ചെലവ് ഏകദേശം 15 മില്യൺ ദിനാർ ആയിരിക്കും. ഏകദേശം 1,27,000 പേർക്ക് അലവൻസുകളിൽ 10 ശതമാനം വർദ്ധനവ് ലഭിക്കും.
