
ദുബൈ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ദുബൈയില്‍ പറഞ്ഞു.
‘ഇത്തവണ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ആറ് മാസം മുന്‍പ് വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. അനാവശ്യമായ ഗോസിപ്പുകള്‍ ഗള്‍ഫിലുള്ള മാധ്യമപ്രവര്‍ത്തകര്‍ ചെയ്യരുത്. നാട്ടില്‍ നിന്നായാലും അവര്‍ ചെയ്യരുത്. സത്യം അന്വേഷിക്കലാണ് മാധ്യമധര്‍മം. അതില്‍ സത്യമുണ്ടെങ്കില്‍ മാത്രമേ ടെലികാസ്റ്റ് ചെയ്യാവൂ. അതുകൊണ്ട് ശ്രദ്ധിക്കണം’ യൂസഫലി പറഞ്ഞു.
ആറ് മാസം മുന്‍പ് അദ്ദേഹം തന്റെ വീട്ടില്‍ വന്നപ്പോള്‍ കണ്ടതാണ് അവസാനത്തെ കൂടിക്കാഴ്ചയെന്നും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


