മനാമ: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളുടെ ശവശരീരം ഉപേക്ഷിക്കുന്ന പ്രവണത കൂടി വരികയാണെന്നും ഇത് ഒഴിവാക്കണമെന്നും പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് കീഴിലെ മൃഗ സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ആവശ്യപ്പെട്ടു. രോഗങ്ങൾ പടരാതിരിക്കുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് രക്ഷ ലഭിക്കുന്നതിനും മൃഗങ്ങളുടെയും, പക്ഷികളുടെയും ശവശരീരങ്ങൾ ശാസ്ത്രീയമായ രീതിയിൽ അടക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുറസ്സായ സ്ഥലങ്ങളിലും തരിശുഭൂമിയിലും ശവങ്ങൾ വലിച്ചെറിയുന്നതിനുപകരം മൃഗങ്ങളുടെ മരണത്തെക്കുറിച്ച് അധികാരികളെ അറിയിക്കാനും മൃഗങ്ങളെ ശരിയായി സംസ്കരിക്കാനും കർഷകർക്കും ബ്രീഡർമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചത്ത മൃഗങ്ങളെ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കുന്നതിന് ക്ലീനിംഗ് കമ്പനികളുമായും വിവിധ മുനിസിപ്പാലിറ്റികളുമായും ഏകോപനം സുഗമമാക്കുന്നതിന് 39451955 എന്ന ഹോട്ട്ലൈൻ നൽകിയിട്ടുണ്ട്.
കോഴി, മൃഗ ഉൽപ്പാദന ഫാമുകൾ നടത്തുന്ന എല്ലാ ബ്രീഡർമാരും തൊഴിലാളികളും പൊതു ശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണം. മൃഗങ്ങളെ വളർത്തുന്നവർ പൊതുവഴികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ശവങ്ങൾ വലിച്ചെറിയരുതെന്ന് നിർദേശിക്കുകയും നിയമലംഘനങ്ങൾ തുടർന്നാൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ചത്ത മൃഗങ്ങളെ കുറിച്ച് അനിമൽ വെൽത്ത് ഡയറക്ടറേറ്റിലെ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചെയ്താലുടൻ സംസ്കരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഹോഴ്സ് കെയർ അഫയേഴ്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് യൂസിഫ് അൽ ഈസ പറഞ്ഞു.