വാഷിങ്ടൺ: തന്നെ വിലക്കിയ ട്വിറ്ററിനെ തോല്‍പ്പിക്കാന്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പുതിയ പ്ലാറ്റ്ഫോമുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ ട്രംപ് രോഷാകുലനായിരുന്നു. തുടര്‍ന്ന് നടന്ന ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചത്.
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അക്രമങ്ങളും അപകടങ്ങളും മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചത്. തുടര്‍ന്ന് തനിക്കെതിരെ നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് ട്രംപ് ഫേസ്ബുക്കും ഗൂഗിളും ഉപേക്ഷിച്ചിരുന്നു. പ്രധാനമായും ട്രംപിന്റെ രണ്ട് ട്വീറ്റുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നീക്കത്തിലേക്ക് ട്വിറ്ററിനെ നയിച്ചത്. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു ട്വീറ്റ്.
എന്നാല്‍ ട്രംപ് ഇപ്പോള്‍ സ്വന്തമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുകയാണ്. ട്രൂത്ത് സോഷ്യല്‍ എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. ബുധനാഴ്ച പുറത്തുവിട്ട പ്രസ് റിലീസ് പ്രകാരം, ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പും ഡിജിറ്റര്‍ വേള്‍ഡ് അക്വിസിഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പുതിയൊരു കമ്പനിക്ക് രൂപം നല്‍കുകയാണ്. ട്രംപ് തന്നെയാണ് കമ്പനിയുടെ സ്ഥാപകന്‍. ട്രംപ് തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലിബറല്‍ മീഡിയ കൂട്ടായ്മയ്ക്ക് ഒരു തിരിച്ചടി നല്‍കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസ് റിലീസില്‍ പറയുന്നു.
”താലിബാന് ട്വിറ്ററില്‍ വലിയ സ്വാധീനമുള്ള ലോകത്താണ് നാം ജീവിക്കുന്നത്, ഇതെല്ലാം അറിഞ്ഞിട്ടും ഇവിടെ നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് നിശബ്ദനാണ്” ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ‘തന്റെ ആശയങ്ങള്‍ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെയ്ക്കുന്നതിനും ട്വിറ്ററിന് തിരിച്ചടി നല്‍കുന്നതിനും താന്‍ കാത്തിരിക്കുകയാണ്’ ട്രംപ് പറഞ്ഞു
ട്രൂത്ത് സോഷ്യല്‍ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ 2021 നവംബറില്‍ അവതരിപ്പിക്കും, കൂടാതെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷന്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 2022ന്റെ ആദ്യപാദത്തോടു കൂടി കമ്പനി രാജ്യവാപകമായി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ പ്ലാറ്റ്ഫോമില്‍ എന്റര്ടെയ്ന്മെന്റും വാര്‍ത്തകളും വീഡിയോ സംവിധാനങ്ങളും (video platform) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപിന്റെ മുഖ്യ വക്താവ് കൂടിയായ ലിസ് ഹാരിങ്ടണ് ട്വിറ്ററില്‍ ഇതുസംബന്ധിച്ച പ്രസ് റിലീസ് പങ്കുവെച്ചിരുന്നു. ധാരാളം കമന്റുകളാണ് പോസ്റ്റിനു താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പകരം വെയ്ക്കാനാകാത്ത യാഥാര്‍ത്ഥ മീഡിയ എന്നാണ് ഒരു കമന്റ്. എന്നാല്‍ ഈ ആപ്പ് ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാക്ക് ചെയ്യപ്പെടില്ല എന്നാണ് പരിഹാസരൂപേണ മറ്റൊരാള്‍ കമന്റ് ചെയ്തത്. എന്തൊരു കോമഡി, ട്രംപ് യൂണിവേഴ്സിറ്റിയെ പോലെ ഇതും പരാജയപ്പെടും എന്നിങ്ങനെ നീളുന്നു കമന്റുകള്‍. എന്തായാലും ട്രംപിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.