
മനാമ: ഗാർഹിക തൊഴിലാളികൾക്കായുള്ള തൊഴിൽ മുൻകൂർ പരിശോധനകൾ പൂർണമായും സ്വകാര്യവത്കരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2017ലെ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2022ലെ തീരുമാനം നടപ്പാക്കുന്നതിനായിട്ടാണ് വീട്ടുജോലിക്കാരുടെ പരിശോധനകൾ സ്വകാര്യവൽക്കരിച്ചത്.
നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും തീരുമാനം നടപ്പിലാക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായ ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതായി മെഡിക്കൽ കമ്മീഷൻ മേധാവി പറഞ്ഞു.
രാജ്യത്തിലേക്കുള്ള പ്രവേശന തീയതി മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഗാർഹിക തൊഴിലാളികൾ ഈ പരിശോധനകൾ നടത്തണം. സ്ഥലവും ചെലവും കണക്കിലെടുത്ത് വീട്ടുജോലിക്കാർക്കും അവരുടെ തൊഴിലുടമകൾക്കും ഏറ്റവും അടുത്തുള്ളതും സൗകര്യപ്രദവുമായ ആരോഗ്യ സ്ഥാപനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ദേശീയ പോർട്ടലായ Bahrain.bh വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും തീയതി മാറ്റാനും പരിശോധനഫലത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും പ്രിന്റൗട്ട് എടുക്കാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രവാസി ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുക, മെഡിക്കൽ പരിശോധന നടപടികൾ മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും മെഡിക്കൽ ചെക്കപ്പ് പരിഷ്കാരത്തിനുണ്ട്.
