കൊച്ചി : ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു. ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും, സരിത്തിൻ്റെയും നിർണായമൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി അടുത്തയാഴ്ച ചോദ്യം ചെയ്യും.
ഡോളർ കടത്ത് കേസിലെ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ പങ്കിനെ കുറിച്ച് സ്വപ്ന സുരേഷും, സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയുടെയും, മജിസ്ട്രറ്റിന് നൽകിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഡോളർ അടങ്ങിയ ബാഗ് യു എ ഇ കോൺസുലേറ്റിലെത്തിക്കാൻ ശ്രീരാമകൃഷ്ണൻ സ്വപ്നയെയും, സരിത്തിനെയും ഏൽപ്പിച്ചിരുന്നെന്നാണ് ഇരുവരുടെയും സുപ്രധാനമൊഴി. സ്വർണക്കടത്ത് പിടിക്കപ്പെടുന്നതിന് തൊട്ട് മുമ്പ് ഒരു ഫ്ലാറ്റിൽ വച്ചാണ് ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ സ്വർണക്കടത്ത് പ്രതികൾക്ക് നൽകിയത്.
റിവേഴ്സ് ഹവാലയാണ് നടന്നതെന്നും അഴിമതിപ്പണം പ്രമുഖർ ഇത്തരത്തിൽ വ്യാപകമായി വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. കോൺസുലേറ്റ് ജനറൽ ഓഫീസിലെത്തിക്കാൻ ഡോളറടങ്ങിയ ബാഗ് നൽകിയത് കസ്റ്റംസിന് സെക്ഷൻ 108 പ്രകാരം നൽകിയ മൊഴിയിലും, മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും സ്വപ്നയും, സരിത്തും ആവർത്തിക്കുന്നുണ്ട്.