തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡി.വൈ.എഫ്.ഐ ആഹ്വാനം വെല്ലുവിളിയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ പരമോന്നത കോടതി തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. പ്രദര്‍ശന അനുമതി നൽകുന്നത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടത്തിലാക്കാനുള്ള വിദേശ നീക്കങ്ങളുമായി കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. സുപ്രീം കോടതിയെ അവഹേളിക്കാൻ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോ എന്ന് സർക്കാർ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു.