
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ സര്‍ക്കുലര്‍.
കുട്ടികളില്‍ ചുമ മരുന്നുകളുടെ സുരക്ഷിതത്വവും കാര്യക്ഷമമായ ഉപയോഗവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കായോ ജലദോഷത്തിനായോ ഉള്ള മരുന്നുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ന്നിട്ടുള്ള സംയുക്ത ഫോര്‍മുലേഷനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള കുറിപ്പടികള്‍ വന്നാലും പ്രസ്തുത മരുന്നുകള്‍ നല്‍കേണ്ടതില്ല. 5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്ന പക്ഷം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള അളവും കാലയളവും കൃത്യതയോടെയും ശ്രദ്ധാപൂര്‍വവും ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്.
ഗുഡ് മാനുഫാക്ചേഴ്സ് പ്രാക്ടീസസ് സെര്‍ട്ടിഫൈഡ് നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍പ്പന നടത്തേണ്ടതുള്ളൂ. സംസ്ഥാനത്തെ എല്ലാ മരുന്നു വ്യാപാരികളും ഫാര്‍മസിസ്റ്റുകളും മേല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും, മതിയായ പ്രിസ്ക്രിപ്ഷന് ഇല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്രംഗ്സ് കണ്ട്രോളര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
