തിളങ്ങുന്നതും, ആരോഗ്യവുമുള്ള ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ചർമ്മസംരക്ഷണത്തിനായി തൊലി ഉൾപ്പെടെ ഉപയോഗിക്കാവുന്ന പച്ചക്കറികളും, അവയുടെ ഗുണങ്ങളും വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധർ.
വിറ്റാമിൻ ബി, സി എന്നിവ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലിയാണ് അവയിൽ ആദ്യത്തേത്. ചർമ്മത്തിൽ ജലാംശം നിലനിർത്തി കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉരുളക്കിഴങ്ങ് തൊലി ദിനവും മുഖത്ത് തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് ചർമ്മത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു. കഴിക്കുന്നതിനും, ചർമ്മസംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്കയുടെ തൊലി. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ ചുവന്ന പാടുകൾ, വീക്കം എന്നിവയെ പ്രതിരോധിക്കുന്നു. നിരവധി ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയാണ് വെള്ളരിക്കയുടെ തൊലി.
അൾട്രാവയലറ്റ് കിരണങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ക്യാരറ്റ് തൊലിയും ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തിളങ്ങുന്ന, ചെറുപ്പമുള്ള ചർമ്മം നിലനിർത്താൻ കഴിയുന്നു. കൂടാതെ ചർമ്മകോശങ്ങളെ സംരക്ഷിക്കുന്ന കൊളാജൻ ഉൽപ്പാദനം ഉയർത്താനും ഇതിലൂടെ കഴിയും. മൃതകോശങ്ങളെ ഇല്ലാതാക്കുന്ന എൻസൈമുകൾ അടങ്ങിയ മത്തങ്ങ തൊലിയും ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്.