ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡി.കെ.ശിവകുമാർ, ഡൽഹിക്ക് പോകുമെന്ന തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. ഒപ്പമുള്ള എംഎൽഎമാർ വിട്ടുപോയപ്പോഴും താൻ തളർന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘കോൺഗ്രസ് അധ്യക്ഷൻ വിളിച്ചു. കിട്ടുന്ന വിമാനത്തിൽ ഡൽഹിയിൽ പോകും. കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചു. ഇന്ന് എന്റെ ജന്മദിനമാണ്. ഞാൻ എന്റെ കുടുംബത്തെ കാണും. അതിനുശേഷം ഡൽഹിയിലേക്ക് പോകും. മുഖ്യമന്ത്രിയെ നിയമിക്കുന്നത് പാർട്ടി ഹൈക്കമാൻഡിന് വിടണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു’’– അദ്ദേഹം കൂട്ടിച്ചേർത്തു. തേസമയം, ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധിച്ചു. ശിവകുമാറിന്റെ വീടിനു മുന്നിൽ മുദ്രാവാക്യം വിളികളുമായി അനുയായികൾ തടിച്ചുകൂടി. ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. ശിവകുമാർ വൈകിട്ടോടെ ഡൽഹിയിലെത്തുമെന്നാണ് വിവരം.