ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. വയറിന് സുഖമില്ലാത്തതിനാൽ പോകുന്നില്ലെന്ന് അറിയിച്ചത്.
ചർച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ഡൽഹിയിലെത്തി. മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ 6 എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു.