ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. വായ്പ വളർച്ചയോടൊപ്പം പൊതുമേഖല ബാങ്കുകളിൽ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടത് ലാഭവിഹിതം വർദ്ധിക്കാൻ ബാങ്കുകളെ സഹായിച്ചു.
ആറുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മികച്ച ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിവിഡന്റ് ഇനത്തിൽ സർക്കാറിന് 8000 കോടി രൂപ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
എസ്ബിഐയിൽ നിന്ന് മാത്രം 3,600 കോടി രൂപയാണ് സർക്കാറിന് ലഭിക്കുന്ന ലാഭവിഹിതം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. കൂടാതെ, യൂണിയൻ ബാങ്കിൽ നിന്ന് 1,084 കോടി രൂപയും കനറാ ബാങ്കിൽ നിന്ന് 742 കോടി രൂപയും സർക്കാറിന് ലഭിക്കും. ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് 600 കോടി രൂപയാണ് സർക്കാറിന് ലഭിക്കുക.
