തിരുവനന്തപുരം: രാത്രിയിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കിടന്നയാളെ തിരിഞ്ഞുനോക്കാൻപോലും ആരും തയ്യാറാകാതിരുന്നപ്പോഴാണ് അതുവഴി കടന്നുപോകുകയായിരുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി കൃഷ്ണകുമാർ തന്റെ കാറിൽ അയാളെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വഴുതക്കാട് ജങ്ഷനു സമീപമായിരുന്നു അപകടം.
ബൈക്ക് യാത്രികനായിരുന്ന മെഡിക്കൽ കോളേജ് ചാലക്കുഴി സ്വദേശി അജിൽ കുമാർ(46) ആണ് അപകടത്തിൽപ്പെട്ടത്.ഇയാളെ ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഏറെനേരം റോഡിൽ ചോരയൊലിപ്പിച്ച് കിടന്നു.
അതുവഴി കടന്നുപോയ വാഹനങ്ങൾ ഒന്നുപോലും നിർത്തുവാനോ ഇയാളെ രക്ഷിക്കുവാനോ തയ്യാറായില്ല.ഈ സമയം ഇതുവഴി കടന്നുപോയ ജഡ്ജി സംഭവം കണ്ട് വാഹനം നിർത്തുകയായിരുന്നു.ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽത്തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന അജിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.