
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. പ്രതിപക്ഷ എംഎൽഎയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയപ്പോൾ മന്ത്രി പരിഹസിച്ചുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. സപ്ലൈക്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്. 420 കോടി ആവശ്യപ്പെട്ടതിൽ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാർ അവതരിപ്പിക്കേണ്ട പ്രമേയം ആണിതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. തുടർച്ചയായി മൂന്നാംദിവസമാണ് സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്.
പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വീണ ജോര്‍ജ് മറുപടി പറഞ്ഞു. അമീബിക്ക് മസ്തിഷ്ക ജ്വരം വർധിക്കുന്ന സാഹചര്യമാണ് ഇന്നലെ പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. അമീബിക്ക് മസ്തിഷ്ക ജ്വരം അപൂര്‍വ്വ രോഗമാണെന്നും എല്ലാ ജലാശയത്തിലും അമീബ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗം കണ്ടെത്തിയവർക്ക് ചികിത്സ നല്കി. കൃത്യമായ സമയത്ത് രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിഞ്ഞു. രോഗം കണ്ടെത്തിയപ്പോൾ തന്നെ ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2024 ല്‍ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈന്‍ നിര്‍മ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. കേരളം ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാൾ മുന്നിലാണെന്നും കേരളം പോലൊരു സംസ്ഥാനത്തിന് അത് അഭിമാനമാണ്. എന്നാല്‍ പ്രതിപക്ഷം അത് അഭിമാനമായല്ല അപമാനമായാണ് കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി സഭയില്‍ തിരിച്ചടിച്ചു. നിപ്പ പോലുള്ള രോഗത്തെ കേരളം പിടിച്ചുകെട്ടിയിട്ടുള്ളതാണെന്നും മരണ നിരക്ക് 33 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ മങ്കി പോക്സ് പോലുള്ള രോഗങ്ങളെ ഉൾപ്പെടെ പിടിച്ചു കെട്ടുവാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്. ചികിത്സ രംഗത്തിലുണ്ടായ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ അപചയങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. കാത് ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്‍ഡിഎഫിന്റെ ഭരണ നേട്ടമാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ സൗകര്യമാണ് നിലവിലുള്ളതെന്നും പറഞ്ഞ മന്ത്രി യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയിലെ വീഴ്ചകളെയും ചൂണ്ടിക്കാണിച്ചു.
