ആരോഗ്യരംഗത്ത്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ക്ലിനിക്കല്‍ പരിശോധനാ സംവിധാനമായ സിഡിഎസ്എസ് (ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിനുള്ള അനന്ത സാധ്യതകള്‍ തേടണമെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള നിര്‍ദ്ദേശിച്ചു. ആഗോളതലത്തിലെ മുന്‍നിര ആരോഗ്യ ഉല്പന്നസേവന ദാതാക്കളായ വോള്‍ട്ടേഴ്സ് ക്ലുവര് സംഘടിപ്പിച്ച ആരോഗ്യവിദഗ്ദ്ധരുടെ റൗണ്ട് ടേബിള്‍ കോണ്ഫ്രന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക ആരോഗ്യ ചികിത്സാരംഗത്ത്, കേരള വികസന മാതൃക, മറ്റു സം്സഥാനങ്ങള്ക്ക് അനുകരണീയമാണെന്ന് ഡോ. സഹദുള്ള അഭിപ്രായപ്പെട്ടു. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത, ആരോഗ്യചികിത്സാ സംവിധാനം ലഭ്യമാകുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം ഉടന്‍ മാറും. ആരോഗ്യ വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കി, മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ഈ സംവിധാനം ഉപകരിക്കും. വോള്‍ട്ടേഴ്സ് ക്ലുവര്, സെയില്‍സ് വൈസ് പ്രസിഡന്റ് നോര്‍മന്‍ ഡീറി, വാള്‍ട്ടേഴ്സ് ക്ലുവെര്‍ കണ്ട്രി ഹെഡ് ഹരീഷ് രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.ആരോഗ്യമേഖലയെ ശക്തമാക്കാന്‍ അടുത്ത ആറുവര്‍ഷത്തേയ്ക്ക് 64180 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇത് ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് രോഗം സംബന്ധിച്ച് ആധികാരിക വിവരങ്ങള്‍ കൈമാറാനും അതുവഴി രോഗ നിര്‍ണയവും, ചികിത്സാവിധികളും നിര്‍ണയിക്കാനുമാകും. ആരോഗ്യസേവന രംഗത്തെ ഡിജിറ്റല്‍ സാധ്യതകള്‍ ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ വര്‍ധിച്ചുവരികയാണെന്നും, ഇതില്‍ കേരളത്തിന് ഒരു മാതൃകയാകാന്‍ സാധിക്കും. രോഗി സുരക്ഷാസംബന്ധിച്ച് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍, രോഗികളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് ആശുപത്രികള്‍ പിന്തുടരുന്ന നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ വിലയിരുത്തി.
