കൊച്ചി: സംസ്ഥാന സർക്കാരിന്റെ കാർഷിക തൊഴിൽദാന പദ്ധതിയിലെ പെൻഷൻ വിതരണം മുടങ്ങി. ഒരു ലക്ഷം പേർ അംഗങ്ങളായ പദ്ധതിയാണ് വഴിമുട്ടിയത്. പണമില്ലാത്തതിനാൽ പെൻഷൻ വിതരണത്തിന് നിവൃത്തിയില്ലെന്നാണ് സർക്കാർ വിശദീകരണം.
1994ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് ഒരു ലക്ഷം യുവജനങ്ങൾക്കുള്ള കാർഷിക തൊഴിൽദാന പദ്ധതി. ഒരു വീട്ടിലെ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ചുമതല കൃഷി വകുപ്പിനായിരുന്നു. കാർഷികവൃത്തി ചെയ്യുന്ന 20 വയസിനും 35 നും ഇടയിലുള്ള യുവാക്കളാണ് പദ്ധതിയിൽ ചേർന്നത്. ഒരോരുത്തരും 100 രൂപ ഫീസും 1000 രൂപ നിക്ഷേപവുമായി നൽകി. അംഗങ്ങൾക്ക് 60 വയസാകുമ്പോൾ 1000 രൂപ വീതം പ്രതിമാസ പെൻഷനും 30,000 മുതൽ 60,000 രൂപ വരെ ഗ്രാറ്റുവിറ്റിയും നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം.
പദ്ധതിയിൽ നിലവിൽ 90,000ത്തോളം അംഗങ്ങളുണ്ട്. അന്വേഷിച്ചപ്പോൾ ഫണ്ടില്ലാത്തതിനാൽ പെൻഷൻ നൽകാൻ നിവൃത്തിയില്ലെന്നാണ് കൃഷി വകുപ്പിൽ നിന്ന് ഇവർക്ക് കിട്ടിയ മറുപടി.
വിഹിതമായി 14 കോടിയും പിരിച്ചെടുത്ത പത്തര കോടി രൂപയും സർക്കാരിന്റെ കൈവശവുണ്ട്. ഇതുപയോഗിച്ച് ഇനിയും പെൻഷൻ നൽകിയില്ലെങ്കിൽ അംഗങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.
