തിരുവനന്തപുരം: നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സഹോദരിക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന സനൽകുമാറിനെ പാറശാലയിൽ വച്ച് മഫ്തിയിൽ എത്തിയ പൊലീസുകാരാണ് അറസ്റ്റു ചെയ്തത്. അതിനിടയിൽ സനൽകുമാർ ഫേയ്സ്ബുക്കിൽ ലൈവിൽ എത്തി.
പൊലീസിന്റെ വേഷത്തിൽ എത്തിയ ഗുണ്ടാ സംഘം തന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിക്കുകയാണ് എന്നായിരുന്നു സനലിന്റെ ആരോപണം. തനിക്കെതിരെ കേസ് എടുത്തെന്നു പറയുന്നു എന്നാൽ തന്നെ ഫോൺ വിളിച്ച് കേസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളം ഭരിക്കുന്ന പാർട്ടിക്ക് ഇതിൽ പങ്കുണ്ടെന്നും സനൽ ആരോപിക്കുന്നുണ്ട്. കയറ്റം സിനിമയുടെ ചിത്രീകരണത്തിന് ശേഷം തനിക്കും മഞ്ജു വാര്യർക്കും വധ ഭീഷണിയുണ്ട്. രണ്ടു വർഷമായി തമിഴിനാട്ടിലെ തന്റെ സഹോദരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുകയാണ്. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പാറശാല പൊലീസ് എത്തിയതിന് പിന്നാലെ തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെന്ന് സനൽ പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ മഫ്തിയിൽ എത്തിയ പൊലീസുകാരാണെന്ന് വ്യക്തമാക്കിയതിന് ശേഷവും അവർക്കൊപ്പം പോകാൻ സനൽ തയാറായില്ല. അവസാനം ബലം പ്രയോഗിച്ചാണ് വണ്ടിയിൽ കയറ്റിയത്.
സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനാണ് സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ഇളമക്കര പൊലീസ് സനൽ കുമാറിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ദിവസങ്ങൾക്കു മുൻപാണ് മഞ്ജു വാര്യരെക്കുറിച്ച് സനൽകുമാർ ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടത്. മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നുമാണ് കുറിച്ചത്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ബലമായി സംശയിക്കുന്നു എന്നും സനൽകുമാർ പറഞ്ഞിരുന്നു.