മനാമ: ബഹ്റൈനിൽ പ്രവാസികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പോലീസിനെ നയതന്ത്രജ്ഞർ സഹായിക്കും. ബഹ്റൈനിലെ എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നുമുള്ള പ്രതിനിധികളാണ് ആക്രമണക്കേസുകളുടെ വർദ്ധനവിനെത്തുടർന്ന് പ്രവാസികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പോലീസിനെ സഹായിക്കുന്നത്.
കഴിഞ്ഞ വർഷം (2021) ബഹ്റൈനിൽ 195 പ്രവാസികൾ അറസ്റ്റിലായി. ഇവരിൽ 48 പേർ ശാരീരിക ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്നു. അറസ്റിലായവരിൽ 146 പ്രവാസികൾ സാധുതയുള്ള വർക്ക് പെർമിറ്റിലും 38 പേർ കാലഹരണപ്പെട്ട വർക്ക് പെർമിറ്റിലും 11 പേർ സന്ദർശന വിസയിലുമാണ്. കഴിഞ്ഞ വർഷം അറസ്റ്റിലായവരിൽ 63 പേർ ബംഗ്ലാദേശികളും 45 പാകിസ്ഥാനികളും 42 ഇന്ത്യക്കാരുമാണ്. ഈജിത് , ജോർദാൻ, ചൈന, ശ്രീലങ്ക, നേപ്പാൾ , കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. ബിസിനസ്സുകളും ഫുഡ് ട്രക്കുകളും കൊണ്ട് നിറയുന്ന പുതിയ അൽ സയാഹ് പോലുള്ള തിരക്കേറിയ വാണിജ്യ ജില്ലയിലാണ് മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ മേജർ യൂസഫ് മുല്ലബഖീത് പറഞ്ഞു.
പ്രവാസി തൊഴിലാളികൾ ബിസിനസ്സ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലും 24 മണിക്കൂറും പോലീസ് പട്രോളിംഗ് ഉണ്ട്. ബോധവൽക്കരണ കാമ്പെയ്നുകളും നടത്തുന്നുണ്ട്. കുറ്റം ആവർത്തിക്കുന്നവരെ ഉടൻ തന്നെ കരിമ്പട്ടികയിൽ പെടുത്തുകയും നാടുകടത്തുകയും ചെയ്യും. കഴിഞ്ഞ വർഷം മുഹറഖിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യം ഭിക്ഷാടനവും പരസ്യമായ മദ്യപാനവും മോഷണവും ആണ്. ഹിദ്ദിലെ പുതിയ പ്രവാസി ക്യാമ്പുകളിലാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയ്ഡുകളിലൂടെയും പരിശോധനകളിലൂടെയും സംയുക്ത പദ്ധതികളിലൂടെയും മറ്റ് സർക്കാർ പങ്കാളികളുമായി ചേർന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ കുറ്റകൃത്യങ്ങളെ പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
