കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതില്‍ ആറു ഫോണുകള്‍ ദിലീപും കൂട്ടുപ്രതികളും തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.
തിങ്കളാഴ്ച രാവിലെ 10.15ന് ഫോണ്‍ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍നിന്നു നല്കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്കി. ഫോണ്‍ മുംബൈയില്‍ ആണെന്നും ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഏഴു ഫോണുകള്‍ കൈമാറണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഒരു ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദീലീപ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ആറു ഫോണുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
