കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശം പോലീസ് അംഗീകരിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116, 118സ 120 ബി, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ വധഭീഷണി കള്ളക്കഥയാണെന്നും വിചാരണയിൽ നിന്നും രക്ഷപ്പെടാനുള്ള സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ നീക്കമാണിതെന്നും ദിലീപ് കോടതിയിൽ അറിയിച്ചു.
അതേസമയം വിചാരണ കോടതിയിൽ പുതിയൊരു ഹർജി കൂടി ദിലീപ് ഫയൽ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈയ്യിലുണ്ടെന്നാണ് ദിലീപ് അറിയിച്ചത്. ഈ ദൃശ്യങ്ങൾ കോടതിയ്ക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപുമാണ്. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതി കണ്ടാൽ അറിയാവുന്ന ആൾ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്ഐആർ.