
മനാമ: ബഹ്റൈനിൽ ഡിജിറ്റൽ പരിവർത്തന പദ്ധതി നടപ്പിലാക്കുക വഴി സേവനങ്ങൾ നൽകുന്നതിനുള്ള ചെലവ് 96% കുറയ്ക്കാൻ കഴിഞ്ഞതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി വ്യക്തമാക്കി. വിവിധ ഇ-ഗവൺമെന്റ് ചാനലുകൾ വഴി കഴിഞ്ഞ വർഷം പൗരന്മാർ 600-ലധികം ഇ-സേവനങ്ങൾ ആസ്വദിച്ചതായി ഏറ്റവും പുതിയ ഐജിഎ റിപ്പോർട്ട് പറയുന്നു. നടപടിക്രമങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് സർക്കാർ കഴിഞ്ഞ വർഷം 50-ലധികം പുതിയ ഇ-സർവീസുകൾ ആരംഭിച്ചു. ഇത് 3.7 ദശലക്ഷത്തിലധികം ഇ- ഇടപാടുകൾ നേടുന്നതിന് വഴിയൊരുക്കി. പ്രയത്നവും സമയവും കുറയ്ക്കുന്നതിനൊപ്പം സേവനങ്ങളുടെ ചിലവും കുറയ്ക്കാൻ സാധിച്ചു.
മേഖലാടിസ്ഥാനത്തിൽ, 20 ഇ-സേവനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനും 11 നീതിന്യായത്തിനും ആറ് ആരോഗ്യത്തിനും നാലെണ്ണം ബിസിനസ്, ഭവന റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം എന്നിവയ്ക്കും ഒരെണ്ണം തൊഴിലിനുമുള്ളതാണെന്ന് ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് അലി അൽ ഖാഇദ് പറഞ്ഞു. ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ വേഗത 600-ലധികം ഇ-സേവനങ്ങൾ കൈവരിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ 20 ഇ-സേവനങ്ങളിൽ ഒമ്പതെണ്ണം നാഷണൽ, പാസ്പോർട്ട് ആൻഡ് റസിഡൻസി അഫയേഴ്സിനും (NPRA) എന്നിവയ്ക്കും ഏഴെണ്ണം ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റിയ്ക്കും (iGA ) വേണ്ടിയുള്ളതായിരുന്നു. കസ്റ്റംസ് അഫയേഴ്സിനായി മൂന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസിനുവേണ്ടി ഒന്നും സേവനങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
ആരോഗ്യമേഖലയിൽ, ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി ആറ് പുതിയ ഇ-സേവനങ്ങളാണ് ആരംഭിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന് (MOIC) രണ്ടും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് ഒന്നും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന് ഒന്നും ഉൾപ്പെടെ നാല് ഇ-സർവീസുകൾ ട്രേഡ് ആൻഡ് ബിസിനസ് മേഖലയിൽ ആരംഭിച്ചു.
ഭവന, റിയൽ എസ്റ്റേറ്റ് മേഖല നാല് ഇ-സേവനങ്ങളാണ് നടപ്പാക്കിയത്. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിനും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്കും വേണ്ടി രണ്ടെണ്ണം വീതമാണ് ആരംഭിച്ചത്. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് മൂന്ന്, നിയമനിർമ്മാണത്തിനും നിയമ അഭിപ്രായ അതോറിറ്റിക്കും എട്ട് എന്നിങ്ങനെ 11 പുതിയ ഇ-സേവനങ്ങളിൽ നിന്ന് നീതിന്യായ മേഖലയ്ക്ക് പ്രയോജനം ലഭിച്ചു.
ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നാല് പുതിയ ഇ-സേവനങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചു.
